പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടം. ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറിത്തുടങ്ങി.
കോന്നി ന്നി അരുവാപുലം നെല്ലിക്കാപാറയിലും, സീതത്തോട്ടിലെ തേക്കുതോട് തൂമ്പാക്കുളത്തും ഉരുൾപൊട്ടിയതായാണ് വിവരം. റാന്നി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. മണിയാർ, സീതത്തോട് എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയിട്ടുണ്ട്.
പമ്പ, കക്കാട് ആറുകളിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കൊക്കാത്തോട്, വയക്കര തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
സ്ഥിതിഗതികൾ അതിഗുരുതരമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി കൈകോർത്ത് അടിയന്തര സഹായങ്ങൾ ജനങ്ങളിലേക്ക് ഉടനടി എത്തിക്കാനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പോലീസ് സഹായം അഭ്യർഥിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പറുകൾ: 9497960963, 9497908045 ലാൻഡ്ലൈൻ നമ്പർ: 0468 2222600
മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.